രഞ്ജി ട്രോഫി; സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ്

സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്.അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിന് നിലവില്‍ 29 റണ്‍സിന്‍റെ ലീഡുണ്ട്.
29 റണ്‍സുമായി അങ്കിത് ശര്‍മയും 40 റണ്‍സുമായി ബാബാ അപരാജിതുമാണ് ക്രീസിലുള്ളത്. ആറാം വിക്കറ്റില്‍ ഇരുവരും അർധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി കേരളത്തെ മുന്നോട്ട് നയിക്കുകയാണ്. ഒരു ഘട്ടത്തില്‍ 136-5 എന്ന സ്കോറിലേക്ക് തകര്‍ന്ന കേരളത്തിന് ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ലീഡ് സമ്മാനിക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനെ രോഹൻ കുന്നുമ്മലും അഹമ്മദ് ഇമ്രാനും ചേർന്നാണ് നൂറുകടത്തി. രോഹൻ ആദ്യദിനം തന്നെ അർധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളം 21 റണ്‍സ് കൂട്ടിച്ചേർത്തതിന് പിന്നാലെ ഇമ്രാൻ പുറത്തായി. 10 റണ്‍സെടുത്താണ് താരം മടങ്ങിയത്. നാലാം വിക്കറ്റില്‍ ബാബ അപരാജിതുമായി ചേർന്നാണ് രോഹൻ കുന്നുമ്മല്‍ ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. പിന്നാലെ 80 റണ്‍സെടുത്ത് രോഹനും മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി.

പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെ ഉനദ്ഘട്ട് പൂജ്യത്തിന് മടക്കിയതോടെ കേരളം 136-5 എന്ന നിലയിലായി. അപരാജിത്-അങ്കിത് ശര്‍മ സഖ്യം കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. 18 റണ്‍സെടുത്ത ആകർഷിനെയും ഒരു റണ്ണെടുത്ത സച്ചിൻ ബേബിയെയുമാണ് കേരളത്തിന് ആദ്യദിനം നഷ്ടമായത്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റുമായി എം ഡി നിധീഷ് കേരളത്തിന് വേണ്ടി തിളങ്ങിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 160 റണ്‍സിനാണ് സൗരാഷ്ട്ര പുറത്തായത്. 84 റണ്‍സെടുത്ത ജയ് ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. തുടക്കത്തില്‍ 7 റണ്‍സിന് മൂന്ന് വിക്കറ്റെന്ന സ്കോറില്‍ തകര്‍ന്ന സൗരാഷ്ട്രയെ ഗോഹിലും 23 റണ്‍സെടുത്ത ഗജ്ജര്‍ സമ്മറും ചേര്‍ന്നാണ് 100 റണ്‍സ് കടത്തിയത്. കേരളത്തിന് വേണ്ടി എം ഡി നിധീഷ് ആറ് വിക്കറ്റെടുത്ത് തിളങ്ങി. ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും സ്വന്തമാക്കി.

