PMAY പദ്ധതിയിലൂടെ ലഭിച്ച വീട് നിര്‍മിക്കാൻ മണ്ണ് മാറ്റിയിട്ടതിന് വയോധിക ദമ്ബതികള്‍ക്ക് ജിയോളജി വകുപ്പിന്റെ പിഴ

കാസര്‍കോട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മിക്കാന്‍ 50 മീറ്റര്‍ അകലേയ്ക്ക് മണ്ണ് മാറ്റിയിട്ടതിന് വയോധിക ദമ്ബതികള്‍ക്ക് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി.കാസര്‍കോട് ബളാല്‍ സ്വദേശികളായ ഗോവിന്ദന്-തങ്കമണി ദമ്ബതികള്ക്കാണ് പിഴ അടയ്ക്കാന്‍ ജിയോളജി വകുപ്പിന്റെ നിര്‍ദേശം. മൂന്ന് മാസത്തിനുള്ളില്‍ പിഴ അടയ്ക്കാനാണ് ജിയോളജി വകുപ്പ് ദമ്ബതികളെ അറിയിച്ചിട്ടുള്ളത്.
അനധികൃത ഖനനം നടത്തിയെന്ന് കാണിച്ച് ആദ്യം ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ പിഴ ഒടുക്കാനായിരുന്നു. തുടര്‍ന്ന് നിര്‍ധന കുടുംബമാണെന്ന് അറിയിച്ചതോടെ പിഴ 50,000 രൂപയായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ പിഴ അടയ്ക്കാന്‍ നിവര്‍ത്തിയില്ലെന്നാണ് തങ്കമണിയുടെ പ്രതികരണം. അതേസമയം നിര്‍ധന കുടുംബത്തോടുള്ള ജിയോളജി വകുപ്പിന്റെ ഈ നീക്കം ക്രൂരതയാണെന്നാണ് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വ്യക്തമാക്കിയത്.

