‘കോണ്‍ഗ്രസിന്റെ ജനാധിപത്യ ലിബറല്‍ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു’;തരൂരിന്റെ അദ്വാനി പ്രശംസ;പ്രതികരിച്ച് പവന് ഖേര

ന്യൂഡല്‍ഹി: കുടുംബവാഴ്ചയില്‍ നെഹ്റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിതിന് പ്രതികരണവുമായി കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്മാന് പവന് ഖേര രംഗത്ത്.
പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി അംഗവും എംപിയും എന്ന നിലയില്‍ ശശി തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ലിബറല്‍ മനോഭാവത്തെയാണ്

കാണിക്കുന്നതെന്നാണ് പവന് ഖേര നിലപാട് വ്യക്തമാക്കിയത്. തരൂര്‍ പറയുന്നത് സ്വന്തം അഭിപ്രായം മാത്രമാണെന്നും കോണ്‍ഗ്രസ് എംപിയായും സിഡബ്ല്യുസി അംഗമായും തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ സവിഷേശമായ ജനാധിപത്യ, ലിബറല്‍ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നും പവന് ഖേര പറഞ്ഞു.
എല്‍ കെ അദ്വാനിയുടെ പിറന്നാള്‍ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രം പങ്കു വച്ചായിരുന്നു ശശി തരൂര്‍ എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസ നേര്‍ന്നത്. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍ കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമാണ് എന്നാണ് ശശി തരൂര്‍ പ്രശംസിച്ചത്. പൊതുസേവനത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്വാനി വഹിച്ച പങ്ക് ഒരിക്കലും മായ്ക്കാന്‍ പറ്റാത്തതാണെന്നും തരൂര്‍ എഴുതി. അദ്വാനിയെ യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന് എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണെന്നുമാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

