ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തല്‍; പഞ്ചായത്ത് പ്രസിഡന്‍റിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പാർട്ടിയില്‍നിന്ന് പുറത്താക്കിയത്. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നായിരുന്നു അസീസിന്റെ പ്രസംഗം.
തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിന്റെ പ്രസംഗം. മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പത്തനാപുരത്ത് നിന്നും വിജയിപ്പിക്കണമെന്നായിരുന്നു അബ്ദുള്‍ അസീസ് ആഹ്വാനം ചെയ്തത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരം ആണെന്നും മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പറഞ്ഞിരുന്നു. ‘നമ്മുടെ നാട്ടില്‍ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലം ചെയ്യുന്ന മരമാണ് കെ ബി ഗണേഷ് കുമാര്‍. കായ്ക്കാത്ത മച്ചി മരങ്ങള്‍ ഇവിടേക്ക് കടന്നുവരും. അവരെ തിരിച്ചറിഞ്ഞ് നമ്മുടെ നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് മന്ത്രിയാക്കാന്‍ തയ്യാറാക്കണം’ എന്നായിരുന്നു അബ്ദുള്‍ അസീസ് പ്രസംഗത്തിനിടെ പറഞ്ഞത്. മന്ത്രി ഉദ്ഘാടകനായി എത്തിയ പരിപാടിയിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് പുറത്താക്കിക്കൊണ്ടുള്ള നടപടി.

