ബളാലിലെ നിര്‍ധന കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, 50,000 രൂപ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് പിഴ നല്‍കും

കാസര്‍കോട്: കാസര്‍കോട് ബളാലില്‍ വീട് വെക്കാന്‍ മണ്ണ് നീക്കിയതിന് നിര്‍ധന കുടുംബത്തിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പാവപ്പെട്ട കുടുംബത്തോട് ചെയ്യുന്നത് വലിയ നീതികേടെന്ന് ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു. പിഴ പൂര്‍ണമായും ഒഴിവാക്കി കൊടുക്കണമെന്നും ഒഴിവാക്കി നല്കുന്നില്ലെങ്കില് കോണ്‍ഗ്രസ് പാര്‍ട്ടി 50,000 രൂപ പിഴ തങ്കമണിക്ക് വേണ്ടി അടക്കുമെന്ന് രാജു കട്ടക്കയം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിന് പകരം ക്രൂരതയോടെയാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

കാസര്‍കോട് ബളാല്‍ സ്വദേശികളായ ഗോവിന്ദന് – തങ്കമണി ദമ്പതികളോടാണ് 50,000 രൂപ പിഴയടക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മ്മാണത്തിന് സ്ഥലം ഒരുക്കാനാണ് ഇവര്‍ മണ്ണ് മാറ്റിയത്. അനധികൃത ഖനനം നടത്തിയെന്ന് കാണിച്ച് ആദ്യം ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ പിഴ ഒടുക്കാനായിരുന്നു. തുടര്‍ന്ന് നിര്‍ധന കുടുംബമാണെന്ന് അറിയിച്ചതോടെ പിഴ 50,000 രൂപയായി കുറയ്ക്കുകയായിരുന്നു. പിഴ അടയ്ക്കാന്‍ നിവൃത്തിയില്ലെന്നും ജയിലില്‍ കിടക്കാമെന്നും ആയിരുന്നു നടപടിയില്‍ തങ്കമണിയുടെ പ്രതികരണം.
