കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം മരവിപ്പിച്ച് കോടതി; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെയും യുജിസി ചട്ടങ്ങള്‍ ലംഘിച്ചുമുളള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സര്‍ക്കാര്‍ നിയമനങ്ങള്‍ കോടതി മരവിപ്പിച്ചു. ജസ്റ്റിസ് പി വി ആശ, മെമ്പര്‍ കെ പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണല്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

2022ല്‍ സെര്‍ച്ച് കമ്മറ്റി യുജിസി ചട്ടങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരില്‍ 36 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. പിന്നീട് ബാക്കിയുളളവര്‍ ട്രൈബൂണലിനെ സമീപിച്ചപ്പോള്‍ ട്രൈബൂണല്‍ ഉത്തരവ് പ്രകാരം കുറച്ച് പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരികി കയറ്റാന്‍ യുജിസി ചട്ടങ്ങള്‍ ലഘൂകരിച്ച് സെര്‍ച്ച് കമ്മിറ്റിയെ കൊണ്ട് ചിലരെ തെരഞ്ഞെടുത്തു. ഇതിനെതിരെ 2022ല്‍ സെലക്ഷന്‍ ലഭിച്ചവര്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി സര്‍ക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ പാലിച്ചുളള സെലക്ഷന്‍ കമ്മറ്റി ഉണ്ടാക്കാനും 2022ല്‍ യുജിസി ചട്ടം പാലിച്ച് സെലക്ഷന്‍ നടത്തിയതില്‍ നിയമനം ലഭിക്കാത്തവരില്‍ നിന്ന് പുതിയ നിയമനം നടത്താനും ട്രിബൂണല്‍ നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
യുജിസി ചട്ടപ്രകാരം യുജിസി കെയര്‍ ലിസ്റ്റിലോ സമാന റിവ്യൂവിലോ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുളളവരെ മാത്രമാണ് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. ഇതിന് വിരുദ്ധമായി കോളേജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാന്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു. മാത്രമല്ല ഡെപ്യൂട്ടേഷന്‍ പരിഗണിച്ചിരുന്നത് യുജിസി ചട്ട പ്രകാരം അധ്യാപനത്തിന് മാത്രമായിരുന്നത് മറ്റ് മേഖലകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തവരെയും പ്രിന്‍സിപ്പാള്‍മാരായി പരിഗണിക്കുന്നതില്‍ ഉള്‍പ്പെടുത്താമെന്ന ലഘൂകരണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് ഇപ്പോള്‍ കോടതി മരവിപ്പിച്ചത്.

