Bridal

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’യ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യം

എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് ‘കാന്ത’ സിനിമയ്ക്കെതിരെയും നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാനെതിരെയും മദ്രാസ് ഹൈക്കോടതി നോട്ടീസ്. ത്യാഗരാജഭാഗവതരുടെ കുടുംബമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നും, ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം 18-ന് കേസ് വീണ്ടും പരിഗണിക്കും. നവംബര്‍ 14 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

1 st paragraph

സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

2nd paragraph

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.