പാകിസ്ഥാന് ഐക്യദാർഢ്യം, ഇന്ത്യയിലെ സ്ഫോടനത്തിൽ ഭീകരവാദം എന്ന വാക്ക് പോലുമില്ല; യുഎസ് എംബസി കുറിപ്പിനെതിരെ കടുത്ത വിമർശനം

രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ യുഎസ് എംബസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് ഇന്ത്യയിൽ വ്യാപകമായ വിമർശനം നേരിടുന്നു. പ്രധാനമായും, യുഎസ് എംബസിയുടെ ‘ചിന്തകളും പ്രാർത്ഥനകളും’ ഉൾക്കൊള്ളുന്ന ട്വീറ്റ് ഒരു ദിവസം വൈകിയാണ് വന്നത് എന്ന വിമർശനമാണ് ഉയർന്നത്. കൂടാതെ, ദില്ലിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നിൽ ട്രാഫിക് സിഗ്നലിൽ നടന്ന കാർ ബോംബ് സ്ഫോടനം വ്യക്തമായ ഒരു ഭീകരവാദ പ്രവർത്തനമായിട്ടും, യുഎസ് എംബസിയുടെ പോസ്റ്റിൽ ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു പരാമർശവും ഉണ്ടായില്ല എന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി.

എംബസികളുടെ സന്ദേശം
“കഴിഞ്ഞ രാത്രി ന്യൂഡൽഹിയിലുണ്ടായ ഭീകരമായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഉണ്ട്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു. അംബാസഡർ സെർജിയോ ഗോർ.” ഇങ്ങനെയാണ് യുഎസ് എംബസി കുറിച്ചത്

പതിറ്റാണ്ടുകളായി ഭൗമരാഷ്ട്രീയ വിഷയങ്ങൾ നിരീക്ഷിക്കുന്ന വിദഗ്ധരടക്കം നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇന്ത്യയിലെ യുഎസ് എംബസിക്ക് മറുപടികൾ നൽകി. ഇസ്ലാമാബാദ് കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിന് ശേഷം പാകിസ്ഥാന് നൽകിയ ‘ഐക്യദാർഢ്യം’ എന്ന സന്ദേശവുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിന്‍റെ ഈ സന്ദേശത്തിലെ വലിയ വൈരുദ്ധ്യമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ സന്ദേശം
“ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാകിസ്ഥാനൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇന്നത്തെ അർത്ഥമില്ലാത്ത ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ ആശംസിക്കുന്നു. ഞങ്ങൾ ഈ ആക്രമണത്തെയും എല്ലാത്തരം ഭീകരതയെയും അപലപിക്കുകയും രാജ്യത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യുന്നു.” – പാകിസ്ഥാന്‍റെ യുഎസ് എംബസി കുറിച്ചു.
ദില്ലിയിലെ കാർ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള സന്ദേശത്തിൽ ഭീകരവാദം എന്ന വാക്ക് ഉപയോഗിക്കാതെ, പാകിസ്ഥാന്‍റെ ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്ന് പ്രധാനമായി പരാമർശിച്ചത് എന്തുകൊണ്ടാണെന്ന് ഇന്ത്യയിലെ പലരും യുഎസ് എംബസിയോട് ചോദ്യം ചെയ്തു. ഇസ്ലാമാബാദിലുണ്ടായ സ്ഫോടനത്തെ അപലപിക്കാൻ യുഎസ് എംബസി സമയം പാഴാക്കിയില്ലെന്നും, എന്നാൽ ദില്ലിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ടി ഒരു ദിവസം കഴിഞ്ഞാണ് പോസ്റ്റ് ചെയ്തതെന്നും ഇന്ത്യയിൽ വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു.
