ദേശീയ പാതയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ കാറിന്റെ സൈഡ് മിററിര്‍ പാമ്പ്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

തമിഴ്നാട്ടിലെ നാമക്കല്‍ – സേലം റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഓടുന്ന കാറിന്റെ സൈഡ് മിററില്‍ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രൈവര്‍, സൈഡ് മിററില്‍ അസാധാരണമായ ചലനം ശ്രദ്ധിച്ചു. ഒരു കുഞ്ഞന്‍ പാമ്പ് പതിയെ പുറത്തേക്ക് വരുന്നു. കഴ്ച കണ്ട് ഡ്രൈവര്‍ അമ്പരക്കുന്നു. എന്നാല്‍, അദ്ദേഹം ഓടിക്കുന്നതിനിടെ മിറര്‍ കവറില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍
കാര്‍ ഈ സമയമത്രയും നാമക്കല്‍ – സേലം റോഡിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. കാറിനെ മറികടന്ന് പോയ ബൈക്ക് യാത്രക്കാര്‍ പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് അമ്പരന്ന് തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വഴിയാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ വന്യജീവി വിദഗ്ദ്ധര്‍ വാഹനം ഓടിക്കുന്നവര്‍ക്കായി മുന്നറിയിപ്പ് പങ്കുവെച്ചു.
മുന്നറിയിപ്പ്
തണുപ്പുള്ളതോ മഴയുള്ളതോ ആയ സമയങ്ങളില്‍ മൃഗങ്ങള്‍ സുരക്ഷിതവും ചൂടുള്ളതുമായ ഇടങ്ങള്‍ തേടുന്നതിനാല്‍ വാഹനം എടുക്കുന്നതിന് മുമ്പ് സൈഡ് മിററുകള്‍, എഞ്ചിന്‍ കമ്പാര്‍ട്ട്മെന്റുകള്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവ പ്രത്യേകം പരിശോധിക്കണം. ഭാഗ്യവശാലാണ് ഡ്രൈവര്‍ക്ക് വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ സ്ഥിതി അപകടകരമാകുമായിരുന്നുവെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ജാഗ്രത പാലിക്കുക, കുറച്ച് സമയം മുന്‍കരുതലുകള്‍ക്കായി നീക്കി വെച്ചാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ദൃശ്യങ്ങള്‍ സമൂഹ മാധമങ്ങളില്‍ വൈറലായതോടെ വ്യത്യസ്ത പ്രതികരണങ്ങളും ഉയര്‍ന്നു. കണ്ണാടിയിലെ വസ്തുക്കള്‍ ദൃശ്യമാകുന്നതിനേക്കാള്‍ വിഷമുള്ളതാണെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ അതൊരു ബ്ലൈന്‍ഡ് സ്‌പോട്ട് അല്ലെങ്കില്‍ കടി സ്‌പോട്ടാണ് എന്നായിരുന്നു മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തത്. മറ്റ് ചിലര്‍ ഡ്രൈവറുടെ സുരക്ഷയില്‍ ഞെട്ടലും ആശങ്കയും പങ്കുവച്ചു. മുന്നറിയിപ്പിന് നന്ദി എന്നും ഇനി വാഹനം ഓടിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും പരിശോധിക്കുമെന്നും മറ്റ് ചിലരും എഴുതി.
