അഞ്ച് മിനിറ്റിനുള്ളില്‍ വിസ ലഭിക്കും, സുപ്രധാന മാറ്റം പ്രഖ്യാപിച്ചു, നടപടിക്രമങ്ങള്‍ ലളിതമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലെ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍-യൂസഫ്. വിസകളും റെസിഡന്‍സി പെര്‍മിറ്റുകളും ഇനി എളുപ്പത്തില്‍ ലഭിക്കും. ‘കുവൈത്ത് ഇ-വിസ’ സംവിധാനം വഴി ഒരു വിസ അഞ്ച് മിനിറ്റിനുള്ളില്‍ ഇഷ്യൂ ചെയ്യാന്‍ സാധിക്കും. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതിനാല്‍ രാജ്യത്തിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യം മുന്‍പത്തേതില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നും ശൈഖ് ഫഹദ് അല്‍-യൂസഫ് പറഞ്ഞു.

ഗ്രീന്‍ അര്‍ബന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്സ് ഫോറമിന്റെ ഇടവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിന്റെ പ്രത്യേക കാലാവസ്ഥയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഒക്ടോബര്‍ 15-നും ഏപ്രില്‍ 15-നും ഇടയിലുള്ള കാലയളവില്‍ രാജ്യം ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമായെന്നും ഇത് പല അയല്‍രാജ്യങ്ങളില്‍ നിന്നും കുവൈത്തിനെ വേറിട്ടു നിര്‍ത്തുന്ന സവിശേഷതയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
