ഡല്‍ഹി സ്‌ഫോടനം; ഡോ.ഉമര്‍ മുഹമ്മദിന്റെ ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി

ഡല്‍ഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമര്‍ മുഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡല്‍ഹി, ഹരിയാന,ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചില്‍ ഊര്ജിതമായിരുന്നു. DL 10 എന്ന നമ്പറില്‍ ആരംഭിക്കുന്ന ചുവന്ന എക്കോസ്‌പോര്‍ട്ടില്‍ പരിശോധന ആരംഭിച്ചു. ഈ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ സീലംപൂരിലെ വിലാസത്തിലാണ്. കാര്‍ വാങ്ങുന്നതിനായി ഇയാള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ന്യൂ സീലംപൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ് . ഡല്‍ഹി പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു വാഹനത്തിനായി തിരച്ചില്‍ നടത്തിയിരുന്നത്. ടോള്‍ പ്ലാസകളില്‍ ഉള്‍പ്പെടെ കനത്ത പരിശോധന നടത്തിയിരുന്നു.
അതേസമയം, അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീനില്‍ നിന്ന് നിര്‍ണായകവിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഡല്‍ഹിയില്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തത് ചാറ്റ് ആപ്പുകളിലൂടെയെന്ന് ഷഹീന്‍ വെളിപ്പെടുത്തി. റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ഭീകരക്രമണ പദ്ധതികളെകുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അല്‍ ഫലാഹ് സര്‍വകാലശാലയിലെ ചില ഡോക്ടേഴ്‌സിനെ സംബന്ധിച്ചും ചോദ്യം ചെയ്യലില്‍ ഷഹീന്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്നാണ് സൂചന. ജനുവരിയില്‍ ഡോക്ടര്‍ മുസമ്മിലും ഡോക്ടര്‍ ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. മുസമ്മിലിന്റെ ഫോണില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. വെള്ളക്കോളര്‍ ഭീകര സംഘത്തിന്റെ നേതാവ് ഉമര്‍ നബിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

