Fincat

സ്വര്‍ണപ്പണയ തിരുമറി കേസ്; ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇന്‍ ചാര്‍ജ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ പണയം തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബാങ്കിലെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അനീഷയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂര്‍ സ്വദേശിയായ രാഹുല്‍ 2022 ല്‍ ബുധനൂരിലെ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഞ്ചേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചിരുന്നു. കഴിഞ്ഞ മാസം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ സ്വര്‍ണം ബാങ്കില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഹുലിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ബുധനൂര്‍ സഹകരണ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ഉടമയുടെ അറിവോ സമ്മതമോ കൂടാതെ അവിടെ നിന്നും എടുത്ത് എണ്ണക്കാട്ടുള്ള മറ്റൊരു ബാങ്കില്‍ പണയം വെച്ച് സ്വന്തം ആവശ്യത്തിനായി ഉദ്യോഗസ്ഥ കൂടുതല്‍ പണം വാങ്ങിയാണ് കണ്ടെത്തല്‍.

1 st paragraph

തുടര്‍ന്ന് വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് 2022 ല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന അനീഷക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ 2023ല്‍ ബാങ്കില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ നടത്തിയ ഓഡിറ്റില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അനീഷയെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. അറസ്റ്റിലായ 42 കാരി അനീഷയെ പൊലീസ് എണ്ണക്കാട് ബാങ്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് 4 പവന്‍ സ്വര്‍ണം കണ്ടെത്തി. ബാക്കി ഒരു പവന്‍ കൂടി ഇനിയും കണ്ടെത്താനുണ്ട്. തിരിമറിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.