നിരോധിച്ച നോട്ടുകള്‍ ഗുരുവായൂരപ്പന്! ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് 48 നിരോധിച്ച കറന്‍സികള്‍ കണ്ടെത്തി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് 48 നിരോധിച്ച കറന്‍സികള്‍ കണ്ടെത്തി. ഒക്ടോബര്‍ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000 രൂപ വിലമതിക്കുന്ന നോട്ടുകളാണെങ്കിലും ഇപ്പോള്‍ ഈ കറന്‍സികള്‍ക്ക് മൂല്യമില്ല. അതേസമയം ഒക്ടോബര്‍ മാസത്തില്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ ഭക്തര്‍ പണമായി 5,27,33,992 രൂപ ഭണ്ഡാലത്തില്‍ സമര്‍പ്പിച്ചു. 1977.6 ഗ്രാം സ്വര്‍ണവും 12.154 കിലോ വെള്ളിയും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു. എസ് ബി ഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാര വരവിന്റെ എണ്ണല്‍ ചുമതല.

ഇ-ഭണ്ഡാരങ്ങളിലെ വരവ് കണക്ക്
ഇ-ഭണ്ഡാരങ്ങള്‍ വഴി കിഴക്കേ നടയിലെ എസ്ബിഐ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അക്കൗണ്ടിലേക്ക് 2,34,514 രൂപ ലഭിച്ചു. കിഴക്കേ നടയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ 28,768 രൂപയും പടിഞ്ഞാറേ നടയിലെ യുബിഐ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 49,859രൂപയും ലഭിച്ചു. പടിഞ്ഞാറേ നടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 23161 രൂപയും ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് 25749 രൂപയും ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിലേക്ക് 1,23,817 രൂപയും ലഭിച്ചു.
