Fincat

സ്റ്റഡി ടൂര്‍ മുടങ്ങി; അഡ്വാൻസ് തുക തിരികെ നല്‍കാതെ ഓപ്പറേറ്റര്‍മാര്‍, 1.25 ലക്ഷം നഷ്ടപരിഹാരം വിധിച്ച്‌ കോടതി


കൊച്ചി: സ്റ്റഡി ടൂര്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാതിരുന്ന ടൂര്‍ ഓപ്പറേറ്റർമാരാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ബെംഗളൂരു- ഗോവ സ്റ്റഡി ടൂര്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് സംഭവം.

തേവര, സെക്രഡ് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ടൂര്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ടൂര്‍ പോകാന്‍ പറ്റാതിരുന്നതോടെ വിദ്യാര്‍ത്ഥികള്‍ അഡ്വാന്‍സ് നല്‍കിയ പണം തിരികെ ചോദിച്ചു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥിയായ ഹെലോയിസ് മാനുവല്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. കലൂരില്‍ പ്രവര്‍ത്തിക്കുന്ന ബി എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിനെതിരെയാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.

1 st paragraph

2023 ഫെബ്രുവരി 22 മുതല്‍ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂര്‍ പോകാനായിരുന്നു വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്. പരാതിക്കാരനുള്‍പ്പെടെ 38 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ഇതിനായി ടൂര്‍ ഓപ്പറേറ്ററെ സമീപിച്ചു. 41 പേര്‍ക്ക് യാത്ര ചെയ്യാനായി ആകെ 2,07,000 രൂപ ടൂര്‍ ഓപ്പറേറ്റര്‍ കണക്കാക്കി. ഇത് പ്രകാരം അഡ്വാന്‍സായി ഒരു ലക്ഷം രൂപ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ കൈമാറി.

പക്ഷെ, ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കുകയും, ബദല്‍ ടിക്കറ്റുകള്‍ ലഭിക്കാതിരിക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങി. അഡ്വാന്‍സ് നല്‍കിയ തുക 2023 ജൂണ്‍ മാസത്തില്‍ തിരികെ നല്‍കാമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ പല തവണ പണത്തിനായി ഇവരെ സമീപിച്ചെങ്കിലും തിരികെ കൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2nd paragraph

വിദ്യാര്‍ത്ഥികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതായിരുന്നു ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിലപാട്. യാത്ര മുടങ്ങിയപ്പോള്‍ തന്നെ പണം തിരികെ നല്‍കുക എന്നതായിരുന്നു പ്രാഥമിക നിയമപരമായ ബാധ്യത. എതിര്‍ കക്ഷിയുടെ നിശബ്ദത വിദ്യാര്‍ത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുകയും കൂടാതെ നഷ്ടപരിഹാരവും കോടി ചെലവ് ഇനങ്ങളില്‍ 25,000 രൂപയും 45 ദിവസത്തിനകം നല്‍കാനാണ് കോടതി ഉത്തരവ്.