ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി, ഉടന്‍ അറസ്റ്റ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടിയായി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയും ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം. പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്‌സില്‍ എഴുതിയത്. അതേസമയം, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം
ശബരിമല സ്വര്‍ണ കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എന്‍ വാസു ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ വാസുവിന്റെ ഓഫീസിലെ ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവില്‍ ദേവസ്വം വിജിലന്‍സ് തിരു. സോണ്‍ ഓഫീസര്‍ ആയിരുന്നു ശ്യാം പ്രകാശ്. സ്വര്‍ണകൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥന്‍ തന്റെ ഓഫീസില്‍ ഉണ്ടെന്ന് വിജിലന്‍സ് എസ്പി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ എസ്പി നിര്‍ദേശിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്ഥലംമാറ്റം. ദേവസ്വം വിജിലന്‍സില്‍ നിന്ന് വര്‍ക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വര്‍ക്കല അസിസ്റ്റന്റ് ദേവസം കമ്മീഷണര്‍ ആയിട്ടാണ് സ്ഥലംമാറ്റം. സ്വര്‍ണം ‘ചെമ്പായ ‘ ഫയലുകള്‍ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു. അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ഉടന്‍ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി.
