പോക്‌സോ കേസില്‍ ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി. പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമന്‍സ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കര്‍ണാടക ഹൈക്കോടതി യെദ്യൂരപ്പയുടെ ഹര്‍ജി തള്ളിയത്. വിചാരണ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും യെദ്യൂരപ്പയെ കോടതി ഒഴിവാക്കി. അത്യാവശ്യഘട്ടങ്ങളില്‍ അല്ലാതെ വിളിച്ചു വരുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അദ്ദേഹത്തിന്റെ സാന്നിധ്യം നടപടികള്‍ക്ക് അത്യന്താപേക്ഷിതമെങ്കില്‍ ഒഴികെ, അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിക്കുന്ന ഏത് ഇളവ് അപേക്ഷയും പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവുകളിലെ നിരീക്ഷണങ്ങള്‍ സ്വാധീനിക്കാതെ, വിചാരണയില്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് തീരുമാനിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി. കേസ് റദ്ദാക്കാന്‍ യെദ്യൂരപ്പയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിന് ആസ്പദമായ സംഭവം
ksm2024 ഫെബ്രുവരി 2 നാണ് ബെംഗളൂരുവിലെ വസതിയില്‍ വെച്ച് യെദിയൂരപ്പ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മ കേസ് ഫയല്‍ ചെയ്തത്. ലൈംഗികാതിക്രമവുമായി മകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഒരു പഴയ കേസില്‍ നീതി ലഭിക്കുന്നതിനും മറ്റ് വിഷയങ്ങള്‍ക്കും സഹായം തേടിയായിരുന്നു യുവതിയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചത്. പരാതിക്കാരിയായ അമ്മ പിന്നീട് ആരോഗ്യപ്രശ്‌നങ്ങളാല്‍ മരിച്ചു.

