കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാര്‍ത്ഥിയാകുന്നു

തൃശൂര്‍ കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂര്‍ ഡിവിഷനില്‍ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താന്‍ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വന്നൂര്‍ സിപിഐഎമ്മിന്റെ കുത്തകയായുളള ഡിവിഷനാണെന്നും തന്നെ 13 വര്‍ഷത്തിലേറെയായി നാട്ടുകാര്‍ക്ക് അറിയാമെന്നും സുജിത്ത് കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവര്‍ഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.
ഇത് പുറത്തുവന്നതോടെ കുന്നംകുളം പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. വഴിയരികില്‍ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു.ഇത് ഇഷ്ടപ്പെടാതെ വന്ന കുന്നംകുളം എസ്ഐ നുഹ്‌മാന്‍ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, പൊലീസിനെ കൃത്യനിര്‍വഹണം ചെയ്യാന്‍ തടസമുണ്ടാക്കി എന്ന വ്യാജക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

