ബിസിനസ് എതിരാളിയെ വകവരുത്താൻ ക്വട്ടേഷൻ, യുവാവ് അറസ്റ്റിൽ

ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിനെ (38) യാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഷാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ടശാംകടവ് മാര്‍ക്കറ്റിനടുത്ത് പത്ത് വര്‍ഷമായി പന്നി ഇറച്ചി കച്ചവടം നടത്തുന്ന ആളാണ് ജസ്റ്റിന്‍. ഇയാളുടെ കടക്ക് സമീപത്തായി കണ്ടശാംകടവ് കരിക്കൊടി സ്വദേശി ഹരീഷ് ആനന്ദന്‍ (46) പന്നി ഇറച്ചി കച്ചവടം തുടങ്ങി. പുതിയ കട തുറന്നതിനെ തുടര്‍ന്ന് ജസ്റ്റിന്റെ ബിസിനസ് വരുമാനം കുറയുകയും ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കങ്ങളും ഉണ്ടാകുകയായിരുന്നു.

ഹരീഷ് ആനന്ദനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിനായി നിരവധി ഗുണ്ടാ സംഘങ്ങളുമായി കണക്ഷനുള്ളതും നിരവധി കേസുകളിലെ പ്രതികളുമായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവര്‍ക്ക് ജസ്റ്റിന്‍ പണം നല്‍കി ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങളും വിഡിയോകളും പല ആളുകളിലേക്കും എത്തിയിരുന്നു. ആനന്ദന് ലഭിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പോലീസ് കേസെടുത്തത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
