ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല്, വീണ്ടും തിയേറ്ററില്‍ ആളെക്കൂട്ടുമോ?; 50-ാം വര്‍ഷത്തില്‍ റീ റിലീസിനൊരുങ്ങി ഷോലെ

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഷോലെ.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുറത്തിറങ്ങി 50 വർഷത്തിനിപ്പുറം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഷോലെ.
ഷോലെയുടെ ഫൈനല്‍ കട്ട് ആണ് ഇപ്പോള്‍ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് സിനിമ റീമാസ്റ്റർ ചെയ്ത് പുറത്തിറക്കുന്നത്. ഡിസംബർ 12 ന് ഇന്ത്യയിലെ 1500 ഓളം സ്‌ക്രീനുകളില്‍ സിനിമ പുറത്തിറങ്ങും. പുറത്തിറങ്ങി വർഷം അമ്ബത് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയില്‍ ചർച്ചാ വിഷയമാണ് ഷോലെ. രണ്ടാം വരവിലും സിനിമയ്ക്ക് ആളെക്കൂട്ടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാണിത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു.

ബോക്‌സ് ഓഫിസില്‍ നിന്ന് 15 കോടിയിലധികം അന്ന് ഷോലെ നേടിയിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ബോക്സ് ഓഫീസില്‍ ബമ്ബർ ഹിറ്റായി മാറുകയും ചെയ്‌തു.
