തലസ്ഥാനത്തെ അഭിഭാഷക, അഡ്വ. സുലേഖ പ്ലാനിട്ടു, വിവാഹമോചനക്കേസ് ഒത്തുതീര്‍ക്കാന്‍ കൈപ്പറ്റിയ 40 ലക്ഷം യുവതിക്ക് നല്‍കാതെ തട്ടാന്‍ ശ്രമം; അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ മോചനക്കേസില്‍ ഒത്തുതീര്‍പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍. പത്താംകല്ല് വി.ഐ.പി ജംഗ്ഷനില്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകള്‍ വീട്ടില്‍ നിന്ന് പുലിപ്പാറ സിജ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന വി.അരുണ്‍ ദേവ് (52) എന്നിവരെയാണ് നെടുമങ്ങാട് പൊലീസിന്റെ അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിനാണ് അരുണ്‍ പിടിയിലായത്. പണം കൈപ്പറ്റിയ അഡ്വ. സുലൈഖയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബകോടതി മധ്യസ്ഥ നടപടിക്കിടെ, പരാതിക്കാരനായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നല്‍കിയ 40 ലക്ഷം രൂപ എതിര്‍കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലായില്‍ തുക അഭിഭാഷകയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. ഇതില്‍ 28.80 ലക്ഷം ഇപ്പോഴും ബാക്കിയുണ്ട്. പ്രൊഫഷണല്‍ അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്ന് അഭിഭാഷക നിയമം 1961 പ്രകാരം എതിര്‍കക്ഷി സുലേഖയ്‌ക്കെതിരെ കേരള ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ മുമ്പും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇപ്പോഴത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും 10 ദിവസത്തിനുള്ളില്‍ തുക തിരികെ നല്‍കുമെന്ന അഭിഭാഷകയുടെ അഭ്യര്‍ഥന പരിഗണിച്ച് അറസ്റ്റ് നടപടി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സമയപരിധി പലതവണ ലംഘിച്ചതോടെ ഇവരെ പിടികൂടാന്‍ അന്വേഷണം ശക്തിപ്പെടുത്താന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലങ്ങളിലെ ആവര്‍ത്തിച്ച വ്യത്യാസങ്ങള്‍ കോടതിയവഹേളനത്തിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

