നിയമ ലംഘനം നടത്തുന്ന സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.കെ ജയന്തി

ഗര്‍ഭപൂര്‍വ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധനയ്ക്കെതിരെ ബോധവല്‍ക്കരണവും സാമൂഹ്യ പ്രതിരോധവും വര്‍ധിപ്പിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. 1994ലെ നിയമം ലംഘിച്ചുകൊണ്ട് ലിംഗ നിര്‍ണയ പരിശോധന നടത്തുന്ന ജില്ലയിലെ സ്‌കാനിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് യോഗത്തില്‍ ഡി.എം.ഒ പറഞ്ഞു. ആണ്‍,പെണ്‍ അസന്തുലിതാവസ്ഥ ഗുരുതരമായ സാമൂഹ്യ വിപത്താണ്. ലിംഗനിര്‍ണയ പരിശോധന നടത്തുന്നത് നിയമത്തിനെതിരാണ്. ആണ്‍കുഞ്ഞിന് എന്നതുപോലെ പെണ്‍കുഞ്ഞിനും ജനിക്കാനുള്ള പ്രകൃതിദത്തമായ അവകാശത്തെ ഇല്ലാതാക്കുന്നത് മനുഷ്യത്വരഹിതമാണ്. അതിന് കൂട്ടുനില്‍ക്കുന്നതും, കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങള്‍ കണ്ടെത്തുകയും കൃത്യമായി നടപടി കൈക്കൊള്ളുകയും ചെയ്യുമെന്ന് ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. ലിംഗ നീതി നിലനിര്‍ത്താന്‍ സാമൂഹ്യ ബോധവല്‍ക്കരണവും ആരോഗ്യ വിദ്യാഭ്യാസവും അനിവാര്യമാണെന്നും ഡി.എം.ഒ ഓര്‍മിപ്പിച്ചു

യോഗത്തില്‍ ഗവ.പ്ലീഡര്‍ അഡ്വ. ടോം.കെ. തോമസ്, സി.ആര്‍.സി.എച്ച്.ഒ. ഡോ. പമീലി, ജില്ലാ എജ്യൂക്കേഷണല്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, ഗൈനക്കോളജിസ്റ്റ് ഡോ. ബി.കെ ദീപ്തി, അഡ്വ. സുജാത വര്‍മ, സാമൂഹ്യപ്രവര്‍ത്തക ബീന സണ്ണി, സി.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
