‘വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും’; ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്ന് ഷെയ്ഖ് ഹസീന

തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു.
ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ പറഞ്ഞു.
യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു.

നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ഹസീന ആവര്‍ത്തിച്ചു. തെളിവുകള്‍ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലില്‍ ആരോപകരെ നേരിടാന്‍ തനിക്ക് ഭയമില്ലെന്ന് അവര്‍ വ്യക്തമാക്കി.
കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേര്‍ക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
