മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിക്കാൻ SFI നേതാവ്; 22കാരിയെ കളത്തിലിറക്കി LDF

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളില്‍ യുവജനങ്ങളുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമാണ്. മുന്നണികള്‍ യുവാക്കളെ അണിനിരത്തി കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്.അത്തരമൊരു മത്സരമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാൻ എസ്‌എഫ്‌ഐ നേതാവിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. എം ജെ തേജനന്ദയെന്ന 22കാരിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷനില്‍നിന്നും പാർട്ടിക്കായി ജനവിധി തേടുന്നത്.
എസ്‌എഫ്‌ഐ തവനൂർ ഏരിയ പ്രസിഡന്റും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമാണ് തേജനന്ദ. പൊന്നാനി എംഇഎസില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ തേജനന്ദ, മലയാള സർവകലാശാലയില്‍നിന്ന് മലയാളം സംസ്‌കാരപൈതൃക പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

കാസർകോട് കുമ്ബളയില്‍ 21കാരിയെയും സിപിഐഎം സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. കുമ്ബള ഗ്രാമപ്പഞ്ചായത്ത് 21ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ നിന്ന് ജെഡിസി വിദ്യാര്‍ത്ഥിനിയായ കെ സ്‌നേഹയാണ് മത്സരിക്കുന്നത്. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ നിന്നുമുള്ള അനുഭവ സമ്ബത്തുമായാണ് സ്‌നേഹയുടെ തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശം.
കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സ്‌നേഹ പ്രവര്‍ത്തിച്ചിച്ചുണ്ട്. ബിജെപിയുടെ വാര്‍ഡ് സ്‌നേഹയെ മുന്‍നിര്‍ത്തി പിടിക്കാമെന്നാണ് സിപിഐഎം കരുതുന്നത്. വിദ്യാഭ്യാസത്തോടൊപ്പം കലയേയും ഒരുമിച്ച് കൊണ്ടുപോകുന്ന സ്‌നേഹ, നാടന്‍പാട്ടുകലാകാരിയും വടക്കന്‍ ഫോക്‌സ് എന്ന ട്രൂപ്പിലെ അംഗവുമാണ്. കാസര്‍കോട് സര്‍ക്കാര്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത ശേഷം മൂന്നാട് കോളേജില്‍ ജെഡിസി പഠനം നടത്തുകയാണ്.

