19 കാരന്‍ കുത്തേറ്റു മരിച്ചു, കൊലയിലേക്ക് നയിച്ചത് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം

തിരുവനന്തപുരം തൈക്കാട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19 കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂര്‍ തോപ്പില്‍ വാടകയക്ക് താമസിക്കുന്ന അലന്‍ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മാച്ചിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെല്‍മെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയില്‍ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്‌തെന്നാണ് സാക്ഷിമൊഴി. അലന്റെ മൃതതേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 30ലധികം വിദ്യാര്‍ത്ഥികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കളര്‍ ഡ്രസിട്ടവരും സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നു. കുത്തേറ്റ് വീണ അലനെ ടൂവീലറിന് നടുവിലിരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പ്രദേശവാസിയായ ദൃക്‌സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജനറല്‍ ഹോസ്പിറ്റലിലേക്കാണ് ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അലന്റെ ജീവന്‍ രക്ഷിക്കാനായില്ല.

