ഓര്‍മ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി IQ Man അജി ആര്‍

കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓര്‍മ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പര്‍ ശ്രേണി ഓര്‍ത്തെടുത്തു പറഞ്ഞാണ് അജി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനില്‍ ഉണ്ടായിരുന്ന 48 നമ്പറുകള്‍ ആണ് അജി ഓര്‍ത്തു പറഞ്ഞത്. ഒരു മനുഷ്യന് അസാധ്യം എന്ന് കരുതിയിരുന്ന കാര്യമാണ് ഇതിലൂടെ അജി ലോകത്തിനു മുന്നില്‍ കാണിച്ചു തന്നത്. വിദേശത്തുള്ള കുട്ടികളുമായി സംവദിക്കുവാനും തന്റെ കഴിവുകളെ അവര്‍ക്ക് പകര്‍ന്നു നല്‍കുവാനുമായി പുറപ്പെട്ട ഒരു വിമാനയാത്രക്കിടയില്‍ ആണ് തനിക്കു ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച ഔദ്യോഗിക വിവരം അജി അറിഞ്ഞത്.
ക്യാപ്റ്റനും, ക്യാബിന്‍ ക്രൂ അംഗങ്ങളും സഹ യാത്രികരും ചേര്‍ന്ന് ആകാശത്തു വെച്ചാണ് ആദ്യ ആദരവ് നല്‍കിയത്.ഷാര്‍ജയില്‍ നടന്ന പുസ്തകോത്സവത്തില്‍ വെച്ച് അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് അജി ഏറ്റു വാങ്ങിയിരുന്നു. ഇരട്ടി മധുരം ആയാണ് അതിനൊപ്പം ഗിന്നസ് ലോക റെക്കോര്‍ഡും അജിയിലേക്ക് എത്തിച്ചേര്‍ന്നത്.

IQED Learning System ഫൗണ്ടര്‍ കൂടിയായ അജി ഇതിനോടകം 33 പിഎസ്സി പരീക്ഷകള്‍ വിജയിക്കുകയും, 2 തവണ യുപിഎസ്സി മെയിന്‍ പാസ്സാവുകയും, അതോടൊപ്പം തന്നെ ഇന്റലിജന്‍സ് ബ്യുറോ, ബാങ്ക് പരീക്ഷകളുടെ ഫൈനല്‍ ലിസ്റ്റില്‍ വരുകയും ചെയ്തിട്ടുള്ള അജി വനം വകുപ്പാണ് തിരഞ്ഞെടുത്തത് . വിദ്യാര്‍ത്ഥികളുടെ ഗണിത ശാസ്ത്ര കഴിവുകളും ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് അജി. ന്യൂറോ റിസേര്‍ച്ചിനായുള്ള വിദേശത്തു നിന്നും ലഭിച്ച വിവിധ ഓഫറുകള്‍ നിരസിച്ച അജി, ബാംഗ്ലൂര്‍ നിംഹാന്‍സിനൊപ്പം ചേര്‍ന്ന് റിസര്‍ച് ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുത്തത്.
30 നമ്പറുകള്‍ നാല് സെക്കന്റ് കൊണ്ട് ഓര്‍ത്തു പറഞ്ഞ പാകിസ്ഥാന്‍ സ്വദേശിയുടെ ഗിന്നസ് റെക്കോര്‍ഡ് ആണ് അജി തകര്‍ത്തത്. ലോറി ഡ്രൈവര്‍ ആയ അച്ഛന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മയുടെയും രണ്ടാമത്തെ മകനായ അജി, ചെറുപ്പം മുതല്‍ തന്നെ ഗണിത ശാസ്ത്ര കഴിവുകള്‍ വികസിപ്പിക്കാനും ഓര്‍മ്മ ശ്കതി വികസിപ്പിക്കാനുമുള്ള വഴികള്‍ കണ്ടെത്തിയിരുന്നു. Inteligent Quations Education Design അഥവാ IQED എന്ന ആശയം ഉപയോഗിച്ച് അദ്ദേഹം ലോകത്തിന് ഗണിത ശാസ്ത്ര സംബന്ധിയായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഒട്ടേറെ വര്‍ഷത്തെ കഠിനമായ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. സ്‌ക്രീനില്‍ തെളിയുന്ന നമ്പറുകള്‍ നിമിഷങ്ങള്‍ കൊണ്ട് ഓര്‍ത്തെടുത്ത്, അത് മുന്നോട്ടും പിന്നോട്ടും പറയാന്‍ അജിക്ക് സാധിക്കും.

കേരളത്തിനും ഇന്ത്യക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഇതിലൂടെ അജി ആര്‍ എന്ന ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള ഈ അതുല്യ പ്രതിഭ. ഗിന്നസ് ലോക റെക്കോര്‍ഡ്, അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അജി സ്വന്തമാക്കിയിട്ടുണ്ട്. വനം വകുപ്പില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആയി ജോലി നോക്കുന്ന അദ്ദേഹം, ഇപ്പോള്‍ കുട്ടികള്‍ക്ക് തന്റെ ഈ വിദ്യ പകര്‍ന്നു കൊടുക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ ഈ മലയാളിയുടെ പ്രതിഭയെ ആഘോഷിക്കും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും.
