ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പൊലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ ദര്‍ശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദര്‍ശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീര്‍ത്ഥാടകര്‍ മറികടന്നിരിക്കുന്ന സ്ഥിതി?ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

അതേസമയം, സന്നിധാനത്ത് ദര്‍ശനം ലഭിക്കാതെ തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകുന്നുണ്ട്. ഈ തീര്‍ത്ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെം?ഗളൂരു, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയില്‍ ക്യൂ നിന്നിട്ട് മടങ്ങിയത്.
സന്നിധാനത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതാണ് തീര്‍ത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ സാധാരണയായി ഉണ്ടാകാറുള്ള എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്.

