1200 കോടി ചിത്രം, 25 കോടി ടൈറ്റില്‍ ലോഞ്ചിന് മാത്രം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി രാജമൗലി പടം

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബജറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്. 1200 കോടിയിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകള്‍. അഭിനേതാക്കളുടെ പ്രതിഫലം ഉള്‍പ്പെടെയാണ് 1200 കോടി ബജറ്റ് വന്നിരിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ട്രെയ്ലർ ലോഞ്ചായിരുന്നു രാജമൗലി സിനിമയുടെതായി ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നടന്നത്. 25 കോടിയോളം ഈ ഒരു ട്രെയ്ലർ ലോഞ്ചിന് മാത്രം ചെലവായി എന്നും റിപ്പോർട്ടുകള്‍ ഉണ്ട്. ടൈറ്റില്‍ ലോഞ്ചില്‍ കാള കൂറ്റൻ്റെ മുകളില്‍ ശൂലം പിടിച്ച വരുന്ന മഹേഷ് ബാബുവിനെ കൗതുകത്തോടെയാണ് ആരാധകർ നോക്കിയതും. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ ലോഞ്ചിന് ഇത്രയും പണം പൊട്ടിച്ചതിനെ വിമർശിക്കുകയാണ് സോഷ്യല്‍ മീഡിയ. മറ്റൊരു സിനിമ നിറമാകാനുള്ള ബജറ്റാണ് ഒരു ടൈറ്റില്‍ ലോഞ്ചിന് വേണ്ടി ചെലവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതുമാത്രമല്ല, സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞതില്‍ പിന്നെ നിരവധി വിമർശനങ്ങളാണ് സിനിമയ്ക്ക് നേരെ എത്തുന്നത്. വേദിയില്‍ താനൊരു ദൈവ വിശ്വാസിയല്ലെന്ന് രാജമൗലി പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. സിനിമയെ മരുതനായകനിലെ കമല്‍ഹാസനോട് താരതമ്യപ്പെടുത്തിയും വിമർശങ്ങള്‍ എത്തുന്നുണ്ട്. ഗ്രാഫിക്സും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് കമല്‍ഹാസൻ മരുതനായകനിലെ കാളപ്പുറത്ത് കയറുന്ന രംഗം ചിത്രീകരിച്ചത്. ഇന്നും ആ രംഗം കാണുമ്ബോള്‍ രോമാഞ്ചം തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്നാല്‍ സാങ്കേതിക വിദ്യ ഇത്രകണ്ട് വളർന്നിട്ടും രാജമൗലിക്ക് കമലിന്റെ അതേ പെർഫക്ഷൻ കൊണ്ടുവരാൻ സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉയർത്തുന്ന വിമർശനം.

എന്നാല്‍ സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ വരുന്ന ഇത്തരം വിമർശനങ്ങളെ കാര്യമാക്കേണ്ട എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. രാജമൗലി സിനിമകളുടെ ക്വാളിറ്റിയില്‍ വിശ്വസിക്കുന്ന ആരാധകർക്ക് വാരണാസിയിലും പ്രതീക്ഷയുണ്ട്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
