ഖഷോഗി വധത്തില്‍ സൗദി കിരീടാവകാശിയെ പ്രതിരോധിച്ച് ട്രംപ്; യുഎസില്‍ വന്‍ നിക്ഷേപം നടത്താന്‍ സൗദി

വാഷിങ്ടണ്‍: സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോര്‍ട്ടിനെ നിരാകരിച്ചാണ് ട്രംപിന്റെ പ്രസ്താവന. ഖഷോഗി വിവാദ വ്യക്തിയായിരുന്നുവെന്നും ചിലപ്പോള്‍ അരുതാത്തത് സംഭവിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കിടെ ട്രംപ് പറഞ്ഞു. അതേസമയം ഖഷോഗി കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും, വലിയ തെറ്റാണെന്നും മുഹമ്മദ് ബിന്‍ സല്മാന് മറുപടി നല്കി.
സൗദി കിരീടാവകാശി അമേരിക്കയിലെത്തിയത് 7 വര്‍ഷത്തിന് ശേഷമാണ്. സൗദി കിരീടാവകാശിക്ക് വൈറ്റ് ഹൗസില്‍ രാജകീയ സ്വീകരണം നല്കി. സൗദി അറേബ്യ അമേരിക്കയില്‍ ഒരു ട്രില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ, ടെക്നോളജി, എഐ കരാറുകള്‍ ഒപ്പിടും. അമേരിക്ക സൗദിക്ക് അത്യാധുനിക എഫ്-35 വിമാനങ്ങള്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. 48 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ സൗദി താല്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മധ്യപൂര്‍വദേശത്ത് ഇസ്രയേലാണ് എഫ് 35 യുദ്ധവിമാനം കൈവശമുള്ള ഏക രാജ്യം.
ജമാല്‍ ഖഷോഗി 2018ല്‍ കൊലപ്പെട്ട സംഭവം സൃഷ്ടിച്ച കോളിളക്കത്തെ തുടര്‍ന്ന് യുഎസ്സൗദി ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഏഴ് വര്‍ഷത്തിന് ശേഷമാണ് മുഹമ്മദ് ബിന്‍ സല്മാന് വൈറ്റ്ഹൗസിലെത്തിയത്. ജമാല്‍ ഖഷോഗിയുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട ട്രംപ്, മുഹമ്മദ് ബിന്‍ സല്മാന് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞു. തന്റെ സന്ദര്‍ശകനെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിഷയം ഉന്നയിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി- ‘നിങ്ങള്‍ പരാമര്‍ശിക്കുന്നത് വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. ആ വ്യക്തിയെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും, പലതും സംഭവിക്കും’ ട്രംപ് പറഞ്ഞു. എന്നിട്ട് സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു- ‘അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് ഇത് ഇവിടെ നിര്‍ത്താം.’

