പാക് പൗരനെ വിവാഹം കഴിച്ച ഇന്ത്യക്കാരിയെ ഉപദ്രവിക്കരുതെന്ന് കോടതി ഉത്തരവ്; 9 വര്‍ഷമായി ഫേസ്ബുക്കിലൂടെ പരിചയം, ഇസ്ലാം മതം സ്വീകരിച്ചു

ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യന്‍ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് പാകിസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുനാനക് ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഈ മാസം ആദ്യം വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തിയ 2,000 സിഖ് തീര്‍ഥാടകരില്‍ ഒരാളാണ് 48-കാരിയായ സരബ്ജിത് കൗര്‍. നവംബര്‍ 13-ന് തീര്‍ത്ഥാടകര്‍ മടങ്ങിയെങ്കിലും സരബ്ജിത് കൗറിനെ കാണാതാവുകയായിരുന്നു. നവംബര്‍ നാലിന് പാകിസ്ഥാനിലെത്തിയതിന്റെ പിറ്റേന്ന് ലാഹോറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിര്‍ ഹുസൈനെ ഇവര്‍ വിവാഹം കഴിച്ചതായി ലാഹോറിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് അറിയിച്ചു.

തീര്‍ഥാടകര്‍ നങ്കാന സാഹിബിലേക്ക് പോയപ്പോള്‍ സരബ്ജിത് കൗര്‍ സംഘത്തില്‍ നിന്ന് മാറി ഹുസൈനൊപ്പം ഷെയ്ഖുപുരയിലേക്ക് പോവുകയായിരുന്നു. ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള തങ്ങളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും വിവാഹബന്ധം വേര്‍പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്ന് കാണിച്ച് സരബ്ജിത് കൗറും ഹുസൈനും ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെ ഹര്‍ജിക്കാരെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ ജസ്റ്റിസ് ഫറൂഖ് ഹൈദര്‍ പോലീസിന് നിര്‍ദേശം നല്‍കി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ദമ്പതികളെ അനാവശ്യമായി ഉപദ്രവിക്കുകയും വിവാഹമോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി ഹര്‍ജിയില്‍ കൗര്‍ പറഞ്ഞു.
9 വര്‍ഷത്തെ പരിചയം

ഭര്‍ത്താവ് പാകിസ്ഥാന്‍ പൗരനാണെന്നും വിസ നീട്ടാനും പാകിസ്ഥാന്‍ പൗരത്വം നേടാനും താന്‍ ഇന്ത്യന്‍ മിഷനെ സമീപിച്ചിട്ടുണ്ടെന്നും സരബ്ജിത് കൗര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പില്‍, ഫേസ്ബുക്ക് വഴി കഴിഞ്ഞ ഒമ്പത് വര്‍ഷമായി തനിക്ക് ഹുസൈനെ അറിയാമെന്നും അവര്‍ പറയുന്നുണ്ട്. ‘ഞാന്‍ വിവാഹമോചിതയാണ്, ഹുസൈനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഞാന്‍ ഇവിടെ വന്നത്,’ അവര്‍ പറഞ്ഞു. പൊലീസും അപരിചിതരായ ആളുകളും തന്നെയും ഭര്‍ത്താവിനെയും ഉപദ്രവിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിക്കാഹ് ചടങ്ങിന് മുമ്പ് സരബ്ജിത് കൗര്‍ ‘നൂര്‍’ എന്ന മുസ്ലീം പേര് സ്വീകരിച്ചിരുന്നു. താന്‍ സന്തോഷത്തോടെയാണ് ഹുസൈനെ വിവാഹം കഴിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ കപൂര്‍ത്തല ജില്ലയിലെ അമാനിപ്പൂര്‍ ഗ്രാമവാസിയാണ് സരബ്ജിത് കൗര്‍. പഞ്ചാബില്‍ ഇവരുടെ തിരോധാനം പൊലീസ് അന്വേഷിച്ചുവരികയാണ്. സരബ്ജിത് കൗറിന്റെ ആദ്യ ഭര്‍ത്താവ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദേശത്താണ് താമസിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
