പാകിസ്ഥാനുമായി അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കെ മറ്റൊരു അഫ്ഗാന്‍ മന്ത്രിയും ഇന്ത്യയിലെത്തി; ലക്ഷ്യം വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സഹകരണം

ദില്ലി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വ്യവസായ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയും അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ബുധനാഴ്ച ദില്ലിയിലെത്തിയത്. അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിര്‍ത്തി വഴികള്‍ പാകിസ്ഥാന്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അസീസിയുടെ സന്ദര്‍ശനം. പാകിസ്ഥാന്റെ നടപടി അഫ്?ഗാന്‍ കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുമായി കച്ചവട ബന്ധമുണ്ടാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെയും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാബൂളിന്റെ പുതുക്കിയ നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം.
ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അസീസിയെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിലേക്കും (ഐഐടിഎഫ്) അഫ്?ഗാന്‍ മന്ത്രിക്ക് ക്ഷണം ലഭിച്ചു. 2021 ന് ശേഷം ഐടിപിഒയിലേക്ക് ഒരു അഫ്ഗാന്‍ മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഐടിപിഒ മാനേജിംഗ് ഡയറക്ടര്‍ നീരജ് ഖര്‍വാള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അഫ്ഗാന്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ നിരവധി പവലിയനുകള്‍ അസീസി സന്ദര്‍ശിച്ചു.
അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളില്‍ ഔഷധങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍, പഞ്ചസാര, ചായ, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലേക്കുള്ള അഫ്ഗാന്‍ കയറ്റുമതിയില്‍ പ്രധാനമായും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ധാതുക്കളുമാണ് അടങ്ങിയിരിക്കുന്നത്. 2025 ഒക്ടോബറില്‍ ഇന്ത്യ കാബൂളിലെ തങ്ങളുടെ ദൗത്യത്തെ പൂര്‍ണ്ണ എംബസി പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. പാകിസ്ഥാനെ മറികടക്കുന്ന ബദല്‍ സാധ്യത തേടുകയും ഖനനത്തിലും ജലവൈദ്യുത പദ്ധതികളിലും ഇന്ത്യന്‍ നിക്ഷേപം അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

