ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം; സംഘത്തിൻ്റെ ഭീഷണി ഭയന്ന് യുവതി തിരിച്ചടച്ചത് ലക്ഷങ്ങൾ

10,000 രൂപ വായ്പ എടുത്ത സുബിത 1,40,000 രൂപയാണ് തട്ടിപ്പ് സംഘത്തിൻ്റെ ഭീഷണി ഭയന്ന് തിരിച്ചടച്ചത്.

മലപ്പുറം: മലപ്പുറം ജില്ലയിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം. എടവണ്ണയിൽ ഒതായി സ്വദേശിനി സുബിത തട്ടിപ്പിനിരയായി. 10,000 രൂപ വായ്പ എടുത്ത സുബിത 1,40,000 രൂപയാണ് തട്ടിപ്പ് സംഘത്തിൻ്റെ ഭീഷണി ഭയന്ന് തിരിച്ചടച്ചത്. എടവണ്ണ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും സുബിത പരാതി നൽകി.

 

ക്യാൻസർ ചികിത്സയിൽ കഴിയുമ്പോഴാണ് ഓൺലൈൻ ആപ്പ് വഴി 10,000 രൂപ സുബിത വായ്പ് എടുത്തത്. തട്ടിപ്പു സംഘത്തിൻ്റെ ഭീഷണിയെ തുടർന്ന് രണ്ടുമാസം കൊണ്ട് 1.40 ലക്ഷം രൂപ തിരിച്ചടച്ചതായി സുബിത പറയുന്നു. ചികിത്സക്കായി നാട്ടുകാർ സ്വരൂപിച്ച പണവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഭരണങ്ങൾ പണയം വെച്ച തുകയും ചേർത്താണ് നിസാര വായ്പയ്ക്കു ലക്ഷങ്ങൾ തിരിച്ചടച്ചത്. ഓൺലൈൻ ലോൺ എടുത്തതോടെ തൻ്റെ ഫോണിലെ മുഴുവൻ വിവരങ്ങളും തട്ടിപ്പു സംഘത്തിന് ലഭിച്ചതായും സുബിത പറയുന്നു.

 

താൻ തട്ടിപ്പുകാരിയാണെന്ന രീതിയിൽ തൻ്റെ ചിത്രം സഹിതം ഫോണിലുള്ള കോൺടാക്ട് ലിസ്റ്റിലേക്ക് ഈ സംഘം മെസേജുകൾ അയക്കുകയാണ്. ഇവരുടെ ഭീഷണി ഭയന്ന് ഫോണും ഫോൺ നമ്പറും മാറ്റേണ്ടി വന്നതായും സുബിത പറഞ്ഞു. 4 ഓൺലൈൻ ആപ്പ് വഴിയാണ് 10000 രൂപ വായ്പയെടുത്ത്. ഒരു ആപ്പിൽ നിന്ന് 4000 രൂപ വായ്പ എടുത്താൽ 2800 രൂപ മാത്രമാണ് കൈയിൽ കിട്ടുക. ഏഴു ദിവസത്തിനുള്ളിൽ 4000 രൂപ തിരിച്ചടക്കണം. ഇങ്ങനെ തിരിച്ചടക്കാൻ പറ്റാതെ വന്നതോടെയാണ് സംഘം ഭീഷണി തുടങ്ങിയത്.

 

നട്ടെല്ലിലും ശ്വാസകോശത്തിലും കാൻസർ ബാധിച്ച സുബിത വാടകവീട്ടിലാണ് താമസം. ഭർത്താവ് പ്രജീഷിന് പെയിൻ്റിങ് ജോലിയാണ്. മലപ്പുറം ജില്ലയിൽ മുൻപും സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്തെത്തിയിരുന്നു.