ഈ വർഷം മാത്രം 34,000 ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈറ്റ്

2025 ജനുവരി 1 മുതല്‍ നവംബർ 10 വരെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 34,143 പ്രവാസികളെ കുവൈത്തില്‍നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡൻസി നിയമലംഘനങ്ങള്‍, ക്രിമിനല്‍ കേസുകള്‍, പെരുമാറ്റവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവയാണ് നാടുകടത്തലിന് പ്രധാന കാരണം. രാജ്യത്തിന്റെ നിയമ-ക്രമസുരക്ഷ ഉറപ്പാക്കാനും പൊതുസുരക്ഷ സംരക്ഷിക്കാനും ഭരണനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടരനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ എന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

രാജ്യവ്യാപകമായി നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണവും പരിശോധനയും ശക്തമായി തുടരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ ഈ നടപടികൾ കുവൈത്തിലെ സ്ഥിരതയും സുരക്ഷയും നിലനിർത്താനുള്ള സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
