Fincat

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍


ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. വരന്‍ ആശുപത്രിയില്‍ എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം.തുമ്ബോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു.

ഒരുഘട്ടത്തില്‍ വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്‍ ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷാരോണ്‍ ആശുപത്രിയില്‍ എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്‍ വിവാഹസദ്യയും ഒരുക്കി.

ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തി.

വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍വെച്ചുതന്നെ താലികെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2nd paragraph