Fincat

സ്വകാര്യ ബസ് ഉടമയെ കാണാതായി, പിന്നില്‍ എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം

തൃശ്ശൂര്‍ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനന്‍ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന മോഹനന്‍ കാട്ടിക്കുളത്തയാണ് കാണാതായത്. മോഹനന്‍ കാട്ടിക്കുളത്തെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ ബീന കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൂന്ന് ബസുകളാണ് മോഹനന് നിലവിലുള്ളത്. ഇതില്‍ രണ്ടു ബസും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് പിടിച്ചിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് നാട് വിട്ടതെന്ന് കുടുംബം ആരോപിച്ചു. വീട്ടില്‍നിന്ന് ഇന്നലെയാണ് പോയത്. ഫോണും മരുന്നുകളും കൊണ്ടുപോയിട്ടില്ലെന്നും കുടുംബം പറഞ്ഞു. ബസുടമകളുടെ സമ്മര്‍ദ്ദവും മോഹനന്റെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് ഭാര്യ ബീന പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ സാഹചര്യത്തില്‍ മോഹനന്‍ നാടുവിട്ടിരുന്നു. അന്ന് 20 ദിവസത്തിനുശേഷമാണ് തിരികെ വന്നത്. 67 കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.