Fincat

സര്‍ക്കാര്‍ ആശുപത്രി മുറിയില്‍ നൃത്തം ചെയ്ത് ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും; വീഡിയോ വൈറല്‍, നടപടി


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച്‌ ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ നടപടി.ആശുപത്രിയിലെ അത്യാഹിത വിഭാഗ ഡ്യൂട്ടിയില്‍ നിന്ന് ഡോക്ടറെ നീക്കി. വീഡിയോയ്‌ക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്നതിന് പിന്നാലയാണ് നടപടി. ഡോക്ടറിന് സര്‍ക്കാര്‍ അനുവദിച്ച താമസസ്ഥലവും ആശുപത്രി അധികൃതര്‍ ഒഴിപ്പിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ നിയമിതനായ ഡോ. വഖാര്‍ സിദ്ദിഖിയാണ് ആശുപത്രിയുടെ മുകളിലത്തെ നിലയിലെ അടച്ചിട്ട മുറിയില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് ഉടന്‍ തന്നെ ഡോ. വഖാര്‍ സിദ്ദിഖിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. തൃപ്തികരമായ മറുപടി നല്‍കാന്‍ ഡോക്ടറിന് കഴിയാതെ വന്നതോടെ അടുത്ത ദിവസം തന്നെ കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു. ‘ഇത്തരം പെരുമാറ്റം അസ്വീകാര്യമാണ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഇത് അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്,’ എന്ന് മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് പറഞ്ഞു.