ചൈനയില്‍ ക്രിസ്ത്യന്‍ സഭയ്ക്കെതിരെ നടപടി; ബീജിംഗ് സിയോണ്‍ ചര്‍ച്ചിന്റെ 18 നേതാക്കള്‍ അറസ്റ്റില്‍

ബീജിങ്: ബീജിങ് സിയോണ്‍ ചര്‍ച്ചിലെ 18 നേതാക്കളെ ചൈനയില്‍ അറസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍ അവകാശ സംഘടനയായ ചൈനഎയ്ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിന് വഴങ്ങാതെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രധാന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സഭയാണ് ബീജിംഗ് സിയോണ്‍ ചര്‍ച്ച്. വിവര വിനിമയ ശൃംഖലകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതിന്റെ പേരിലാണ് നടപടി. പരമാവധി മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ബീജിംഗില്‍ 2007-ല്‍ പാസ്റ്റര്‍ ജിന്‍ മിങ്രി സ്ഥാപിച്ചതാണ് ഈ ക്രിസ്ത്യന്‍ ചര്‍ച്ച്. ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെ തുടര്‍ന്നാണ് 2007-ല്‍ ജിന്‍ മിങ്രി ബീജിങ് സിയോണ്‍ ചര്‍ച്ച് സ്ഥാപിച്ചത്. 50 നഗരങ്ങളിലായി 5000 അംഗങ്ങളുള്ള സഭയായി വളര്‍ന്നതിന് പിന്നാലെയാണ് ചൈനീസ് ഭരണകൂടം ഇതിനെ വേട്ടയാടുന്നത്. 2018-ല്‍ ചൈനീസ് സര്‍ക്കാര്‍ പള്ളിയുടെ പ്രധാന കെട്ടിടം അടച്ചുപൂട്ടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ശേഷം ഓണ്‍ലൈനായാണ് സഭ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അനുമതിയില്ലാത്ത പ്രസംഗങ്ങള്‍ പാടില്ലെന്ന ഉത്തരവും ഇവര്‍ക്ക് മുന്നിലുണ്ട്.

ഒക്ടോബര്‍ മാസം ആദ്യം നടന്ന റെയ്ഡിന് പിന്നാലെ പാസ്റ്റര്‍ ജിന്‍ മിങ്രിയെ അറസ്റ്റ് ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത പള്ളികളെ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ ഓപ്പറേഷന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ സഭാ നേതൃത്വത്തെ ഒന്നടങ്കം അഴിക്കുള്ളിലാക്കുന്നത്. സഭയെ പാര്‍ട്ടി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനോട് വിയോജിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തതാണ് തങ്ങള്‍ ചെയ്തതെന്നാണ് സഭാ നേതൃത്വം പറയുന്നത്.
