ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും; ഐപിഎല്‍ വരെ പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ടുകള്‍. ഓസ്ട്രേലിയയില്‍ ഏകദിന പരമ്ബരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യരിന് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.2026 മാർച്ച് വരെ ശ്രേയസ് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സിഡ്നി ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് പൂർണനായും സുഖം പ്രാപിച്ചിട്ടില്ലെന്നും മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലാന്‍ഡിനുമെതിരായ ഏകദിന പരമ്ബരകള്‍ ശ്രേയസിന് നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിന് മുമ്ബ് ശ്രേയസ് കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നും ഒരു സ്രോതസ്സ് വെളിപ്പെടുത്തി. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അനുസരിച്ചായിരിക്കും ശ്രേയസ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കാര്യം തീരുമാനിക്കുക. നിലവിലെ റണ്ണറപ്പുകളായ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനാണ് ശ്രേയസ്.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ അലക്സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവില്‍ നിന്ന് മാറ്റിയ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
