പുതിയ തൊഴിൽ നിയമത്തിനെതിരെ ബുധനാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സംയുക്ത സംഘടനകൾ

രാജ്യത്ത് പുതിയ തൊഴിൽ നിയമം നടപ്പാക്കിക്കൊണ്ട് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. 26 തൊഴിൽ നിയമങ്ങൾ പൊളിച്ച് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന നാല് ലേബർ കോഡുകൾക്കെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തു. ഐ എൻ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി എന്നിവയുൾപ്പെടെ പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും, തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുന്നതാണ് ഇതെന്നുമാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ താത്പര്യം മാത്രം ആണ് കേന്ദ്രം പരിഗണിച്ചത് എന്നും പ്രസ്താവനയിൽ സംഘടനകൾ വിമർശിക്കുന്നു. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിൽ യൂണിയനുകൾക്കൊപ്പമുണ്ട്. എന്നാൽ ബി എം എസ് പുതിയ തൊഴിൽ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

