ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളുടെ കയ്യിൽ വാട്ടര്‍ ഹീറ്റർ, അഴിച്ചുനോക്കിയപ്പോൾ മാരക ലഹരി

നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എംഡിഎയും എൽഎസ്ഡി സ്റ്റാമ്പും പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ബസുകളെ ലഹരി മരുന്ന് കടത്താന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് വല വിരിച്ചത്.

ബംഗളൂരുവില്‍ നിന്നും രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന യുവാക്കളെ സംശയം തോന്നിയതിനാലാണ് ഡാന്‍സാഫ് സംഘം തടഞ്ഞു വെച്ചത്.. ഇവരുടെ കൈവശമുണ്ടായിരുന്നത് വാട്ടര്‍ ഹീറ്റര്‍. അഴിച്ചു പരിശോധിച്ചപ്പോഴാണ് ഹീറ്ററിന്‍റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ലഹരി മരുന്ന് കണ്ടെത്തിയത്. 250 ഗ്രാം എം ഡി എം എ,99 എല്‍ എസ് ഡി സ്റ്റാമ്പ്, 44ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.
ലഹരി മരുന്നുമായെത്തിയ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് സഹദ്, തിരുവണ്ണൂര്‍ സ്വദേശി ഇര്‍ഫാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അതിമാരകമായ എക്സ്റ്റസി ടാബ്ലറ്റ് വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ ലഹരിക്ക് അടിമയാക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. എം ഡി എം എ അടങ്ങിയ ഈ ടാബ്ലറ്റ് ജ്യൂസില്‍ കലര്‍ത്തിയാണ് ഉപയോഗിക്കുന്നത്. ബംഗളൂരുവില്‍ നിന്നും വലിയ തോതില്‍ ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായിപോലീസ് പറഞ്ഞു.

