സമനില പ്രതീക്ഷകളും മങ്ങി; വമ്ബൻ തോല്‍വിയിലേക്ക് ഇന്ത്യ; രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകളും മങ്ങി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ ഇന്ത്യ 31 ഓവർ പിന്നിടുമ്ബോള്‍ 58 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ്. സായ് സുദര്‍ശനും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍കുല്‍ദീപ് യാദവ്, ധ്രുവ് ജുറെല്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായത്. സൈമണ്‍ ഹർമർ നാല് വിക്കറ്റും മാർക്കോ യാൻസണ്‍ ഒരു വിക്കറ്റും നേടി.
നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്താണ് ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
നേരത്തെ മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 288 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറില്‍ 489 റണ്‍സാണ് സന്ദർശകർ നേടിയത്.

