പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം

റാവല്‍പിണ്ടി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. 2023 മുതല്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ് ഇമ്രാന്‍ ഖാന്‍.മുന്‍ പാക് പ്രധാനമന്ത്രി അഡിയാല ജയിലില്‍ ‘കൊല്ലപ്പെട്ടു’ എന്ന് ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചതായി അഫ്ഗാന്‍ ടൈംസ് എന്ന അക്കൗണ്ട് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. എന്നാലിത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. അഡിയാല ജയിലിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ സഹോദരിമാരെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ജയിലിനുള്ളില്‍ ഇമ്രാന്‍ ഖാന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നും ഇമ്രാന്‍ ഖാന്റെ സഹോദരിമാരായ നൊറീന്‍, അലീമ, ഉസ്മ എന്നിവര്‍ ആരോപിച്ചു. ജയില്‍ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും സംബന്ധിച്ച് അദ്ദേഹം പലപ്പോഴും പരാതിപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
72-കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്‍ തടവില്‍ വെച്ച് കൊല്ലപ്പെട്ടു എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ എക്സിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

