നാശം വിതച്ച് ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമര്‍ദമായി മാറിയിരുന്നു. വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്‌തേക്കും. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 370 പേരെ കാണാതായെന്നും സര്‍ക്കാര്‍ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാന്‍ഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതര്‍ ഉണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

രക്ഷാദൗത്യത്തിനിടെ ലങ്കന്‍ വ്യോമസേനയുടെ ബെല്‍ 212 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ്, പൈലറ്റ് വിംഗ് കമാന്റര്‍ നിര്‍മല്‍ സിയാംബാല പിതിയയ്ക്കും ജീവന്‍ നഷ്ടമായി. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് നാല് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയിലെ അധികാരങ്ങള്‍ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് സര്‍വകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും. അതിനിടെ രക്തദാന ക്യാമ്പില്‍ എത്തി രക്തം നല്‍കിയ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം വൈറല്‍ ആയി.
ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി വീണ്ടും ഇന്ത്യന്‍ വിമാനം. വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായി ലങ്കയില്‍ എത്തി. ലങ്കന്‍ ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. പരിശീലനം നല്‍കാന്‍ പ്രത്യേക മെഡിക്കല്‍ സംഘവും കൊളമ്പോയില്‍ എത്തി. 750 ഓളം ഇന്ത്യക്കാരെ ആണ് ഇതുവരെ നാട്ടില്‍ തിരിച്ചെത്തിക്കനായത്. ഇന്ത്യന്‍ സര്‍ക്കാരിനും സേനാംഗങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങിയവര്‍ നന്ദി പറഞ്ഞു.

