‘ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല; എല്ലാം സധൈര്യം നേരിട്ടു’; രാജ് മോഹൻ ഉണ്ണിത്താൻ

ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി. ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം.

ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താൻ ആൾക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
തന്നെപ്പോലുള്ളവരെ പാർലമെൻറ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരു അവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ഒരു നേതാവും തയ്യാറാക്കാൻ പാടില്ല. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം.

അതിൽനിന്ന് വ്യതിചലിക്കാൻ പാടില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുന്നുണ്ട്. സൈബർ ആക്രമണത്തെ കുറിച്ച് താൻ ബോധവാൻ ആണ്. സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ല.
മുഖ്യമന്ത്രിയ്ക്ക് അയച്ച ഇ ഡി നോട്ടീസിനെ കടലാസിന്റെ വില പോലും കൽപ്പിക്കുന്നില്ല. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി വരച്ച വരയിൽ നിർത്താനുള്ള ഒത്തുകളി. സിപിഐഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി ആരോപിച്ചു.
