പരാതികള്‍ക്ക് പഞ്ഞമില്ല, എന്നിട്ടും വരിക്കാരുടെ എണ്ണം കൂട്ടി ബിഎസ്എന്‍എല്‍

ദില്ലി: നെറ്റ്‌വര്‍ക്ക് പോരായ്‌മകളെ കുറിച്ച് വരിക്കാരുടെ വ്യാപക പരാതികള്‍ക്കിടയിലും ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടെ (ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍) 20 ലക്ഷത്തിലധികം വയര്‍ലെസ് യൂസര്‍മാരെയാണ് പുതുതായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ചേര്‍ത്തതെന്ന് ട്രായ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയക്ക് (വി) ഇക്കഴിഞ്ഞ മൂന്ന് മാസത്തില്‍ 30 ലക്ഷത്തിലധികം വരിക്കാരെ നഷ്‌ടമായി. ബിഎസ്എന്‍എല്ലിനേക്കാള്‍ കവറേജ് പരിധിയുണ്ടായിട്ടും തുടര്‍ച്ചയായി ഉപയോക്താക്കളെ നഷ്‌ടപ്പെടുത്തുകയാണ് വി.

രാജ്യത്തെ ടെലികോം വരിക്കാരുടെ കണക്കുകള്‍ പുറത്തുവിട്ട് ട്രായ്
തുടര്‍ച്ചയായി ഉപഭോക്താക്കളെ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതം കുറഞ്ഞു. മുമ്പ് 17.44 ശതമാനമായിരുന്നു വിയുടെ മാര്‍ക്കറ്റ് ഷെയര്‍ എങ്കില്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളില്‍ (ഒക്‌ടോബര്‍ മാസം) ഇത് 17.13 ശതമാനമാണ്. എന്നാല്‍ വിപണി വിഹിതത്തില്‍ ബിഎസ്എന്‍എല്ലിന് വര്‍ധനവുണ്ട്. ഉപഭോക്തൃ അടിത്തറയില്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. ഒക്‌ടോബറില്‍ ജിയോ 19.7 ലക്ഷവും, എയര്‍ടെല്‍ 12.52 ലക്ഷവും, ബിഎസ്എന്‍എല്‍ 2.69 ലക്ഷവും വരിക്കാരെ പുതുതായി ചേര്‍ത്തു. എന്നാല്‍ വോഡഫോണ്‍ ഐഡിയക്ക് ഒക്‌ടോബറില്‍ 20.83 ലക്ഷം വരിക്കാരെ നഷ്‌ടമാവുകയാണ് ചെയ്‌തത്. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്ലിന്‍റെ വരിക്കാരുടെ എണ്ണവും കുറയുന്നതായി ട്രായ് പുറത്തുവിട്ട ഒക്‌ടോബര്‍ മാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് ബിഎസ്എന്‍എല്‍ പ്രിയമാകുന്നു?
കഴിഞ്ഞ വര്‍ഷം സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സും എയര്‍ടെല്ലും വിയും താരിഫ് വര്‍ധിപ്പിച്ചതിന് ശേഷമാണ് ബിഎസ്എന്‍എല്ലിന് നല്ലകാലം വന്നത്. ഇതിന് ശേഷം നടന്ന 4ജി വിന്യാസവും ബിഎസ്എന്‍എല്ലിന് ഉപഭോക്തൃ അടിത്തറ തിരിച്ചുപിടിക്കാന്‍ സഹായകമായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ 4ജി ടവറുകള്‍ 5ജിയിലേക്ക് ബിഎസ്എന്‍എല്‍ ഉടന്‍ അപ്‌ഗ്രേഡ് ചെയ്‌തുതുടങ്ങും എന്നാണ് പ്രതീക്ഷ. രണ്ടാം സിം ആയി മിക്കവരും ബിഎസ്എന്‍എല്ലിനെ ആശ്രയിക്കുന്നു എന്നാണ് നിഗമനം. ബിഎസ്എന്‍എല്‍ തിരിച്ചുവരവിന്‍റെ പാതയിലാണെങ്കിലും കോള്‍ഡ്രോപ്പും ഡാറ്റാ പ്രശ്‌നവും അടക്കമുള്ള നെറ്റ്‌വര്‍ക്ക് പോരായ്‌മകളെ കുറിച്ചുള്ള പരാതി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്. നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഈ വളര്‍ച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എത്ര കാലം തുടരും എന്ന് കണ്ടറിയണം.
