ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ കേസ്, സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിനിടെ സന്ദീപ് വാര്യർക്കെതിരെ പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്. അതിജീവിത നൽകി പരാതിയിൽ ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു.

