‘വിരാടും രോഹിത്തുമില്ലാതെ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാനാവില്ല’; കാരണം പറഞ്ഞ് മുൻ ചീഫ് സെലക്ടര്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും അർധ സെഞ്ച്വറി നേടിയ രോഹിത്ശർമയുടെയും മികവിലാണ് ഇന്ത്യ ജയിച്ചത്.ഇതോടെ ഇരു താരങ്ങളുടെയും ഫോമിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിലുള്ള സംശയങ്ങളെല്ലാം മാറി. ഇരുവരും 2027 ഏകദിന ലോകകപ്പ് കളിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്, എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് ബിസിസി ഐയും ടീം മാനേജ്മെന്റും എത്തിയിട്ടില്ലെന്ന് തന്നെ പറയാം.
ഇപ്പോഴിതാ കോഹ്ലിയും രോഹിത്തും കളിച്ചിട്ടില്ലെങ്കില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ ക്രിസ് ശ്രീകാന്ത്. അതിന്റെ കാരണവും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. കോഹ്ലിയും രോഹിത്തും വേറെ ലെവല്‍ താരങ്ങളാണ്. ഈ രണ്ട് താരങ്ങളുടേയും അഭാവത്തില്‍ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടാനാവില്ല. ഇന്ത്യക്ക് ഒരു വശത്ത് വിരാടും മറുവശത്ത് രോഹിത്തും ആവശ്യമാണ്. ഇക്കാര്യത്തില്‍ മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

കോഹ്ലിയും രോഹിത്തും 20 ഓവർ ബാറ്റ് ചെയ്താല്‍ എതിരാളികള്‍ക്ക് പിന്നെ അവസരമില്ല. അതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ കണ്ടത്. അവർ സർവാധിപത്യം സ്ഥാപിച്ചെടുക്കും. രണ്ട് പേരുടേയും മാനസികാവസ്ഥയെ അംഗീകരിച്ച് കൊടുക്കണം. ഇത്തരമൊരു മാനസിക നിലയോടെ മുന്നോട്ട് പോവുക എളുപ്പമല്ല. ഒരു ഫോർമാറ്റില്‍ മാത്രമാണ് അവർ കളിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ 2027ലെ ഏകദിന ലോകകപ്പില്‍ അവർ സീറ്റുറപ്പിച്ച് കഴിഞ്ഞു. അവരില്ലാതെ ഇന്ത്യക്ക് കിരീടത്തിലേക്കെത്താൻ സാധിക്കില്ല- ക്രിസ് ശ്രീകാന്ത് പറഞ്ഞു.
ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുള്‍പ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെയും വിരാടിന്റെയും ഏകദിന ഭാവിയെ കുറിച്ചുള്ളതാണ് ഈ മീറ്റിംഗ് എന്നാണ് റിപ്പോർട്ടുകള്‍.
