കറുത്ത പൊടിയും പാടുകളുള്ള സവാള ഉപയോഗിക്കുന്നത് അപകടമാണോ? അറിയാം

സവാളയിലെ കറുത്ത പാടുകള്‍ അപകടമാണോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളിലും പൊതു ഇടങ്ങളിലുമെല്ലാം സജീവമാണ്. പച്ചക്കറികള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നവരെ ഒന്നുകൂടി ജാഗ്രതയിലാക്കുന്ന കാര്യം കൂടിയാണിത്.എന്താണ് സവാളയിലെ കറുത്ത പാടുകള്‍ക്ക് കാരണം? ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ? എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത് ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ…
എന്തുകൊണ്ടാണ് സവാളയില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നത് ?

സവാളയില്‍ കാണപ്പെടുന്ന കറുത്ത പാടുകളില്‍ അധികവും ‘ആസ്പര്‍ജില്ലസ് സെഷന്‍ നിഗ്രി’ എന്നറിയപ്പെടുന്ന ഒരുകൂട്ടം ഫംഗസുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. സാധാരണയായി ബ്ലാക്ക് മോള്‍ഡ് എന്നറിയപ്പെടുന്നവ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ചൂട് കുറവുള്ളതും ഈര്‍പ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുമായ അന്തരീക്ഷത്തിലാണ് ഈ ഫംഗസുകള്‍ വളരുന്നത്. കേടായ സവാളയില്‍ ഈ ഫംഗസിന്റെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഈര്‍പ്പത്തിന്റെയും ചൂടിന്റെയും സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് ഈ ഫംഗസുകള്‍ എളുപ്പത്തില്‍ അടിഞ്ഞുകൂടാനിടയാക്കുന്നു. സവാളയുടെ കടലാസ് പോലെയുള്ള തൊലിയില്‍ നേര്‍ത്ത പൊടിപോലെയുള്ള ബീജകോശങ്ങള്‍ കാണപ്പെടുന്നു. ഫംഗസ് ബാധിച്ച സവാളയുടെ പുറംഭാഗത്ത് തൊട്ടാല്‍ കരിപോലെയുളള കറുത്ത പൊടിയും പാടുകളും കാണാന്‍ സാധിക്കും. സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഫംഗസ് നിറയുമ്ബോഴാണ് ഈ കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. ആദ്യം സവാളയുടെ പുറംപാളിയില്‍ ഉണ്ടാകുന്ന ഈ പാടുകള്‍ പിന്നീട് ഫംഗസ് പടരുന്നതിലൂടെ സവാളയുടെ അകത്തെ പാളിയിലേക്കും പടരും.

പൂപ്പല്‍ ബാധിച്ച സവാള കഴിച്ചാലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍
കറുത്ത പൊടിയും പാടുകളും ഉള്ള എല്ലാ സവാളയും അപകടകരമല്ലെങ്കിലും കൂടുതല്‍ ഫംഗസ് പടരുമ്ബോള്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൂപ്പല്‍ സവാളയുടെ അകത്തെ പാളികളിലേക്ക് ബാധിച്ചിട്ടുണ്ടെങ്കിലോ സവാള അഴുകുകയോ ഗന്ധത്തില്‍ വ്യത്യാസം വരികയോ ചെയ്താല്‍ അത് ഉപയോഗിക്കാതിരിക്കുന്നതാവും നന്ന്. ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ഉപേക്ഷിക്കേണ്ടതുമായത് തിരിച്ചറിയാന്‍ സാധിക്കും.
• മലിനമായ ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് കഴിക്കുമ്ബോള്‍ കരളിനോ വൃക്കയ്‌ക്കോ സമ്മര്‍ദ്ദം ഉണ്ടാവുകയും പൂപ്പലുകളായ ആസ്പര്‍ജില്ലോസിസ് സ്പീഷിസുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ ‘ഒക്രാടോക്‌സിന്‍ എ’ ഉണ്ടാവുകയും ചെയ്യുന്നു.
• പ്രതിരോധശേഷി കുറഞ്ഞവര്‍, വിട്ടുമാറാത്ത ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളവര്‍, അവയവ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവരിലൊക്കെ ഫംഗസ് കൂടുതല്‍ അപകടമുണ്ടാക്കും.
• സവാളയുടെ പുറം തൊലി മാത്രമല്ല അകത്തേക്കുളള പാളികളിലേക്കും പൂപ്പല്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇത് ദോഷകരമായ സംയുക്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
• ഈ പൂപ്പലിനൊപ്പം സവാളയുടെ അകത്ത് അഴുകല്‍ കൂടിയുണ്ടെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്.
• ഇത്തരം പൊടി പിടിച്ച സവാള കൈകാര്യം ചെയ്യുന്നതിലൂടെ ഫംഗസ് വായുവില്‍ പടരാനിടയാക്കുകയും അലര്‍ജിയോ ആസ്ത്മയോ ഉള്ള രോഗികളുടെ രോഗാവസ്ഥ മോശമാക്കാനുമിടയാകും.
സവാളയും ഉളളിയും എങ്ങനെ സൂക്ഷിക്കാം
• വായു സഞ്ചാരമുളളയിടത്ത് സവാള സൂക്ഷിക്കുക. വായു കടക്കാത്ത പാത്രങ്ങളില്‍ അടച്ചുവയ്ക്കുന്നത് ഒഴിവാക്കുക.
• ഉരുളക്കിഴങ്ങിനടുത്തുനിന്ന് ഉള്ളി മാറ്റി സൂക്ഷിക്കുക. കാരണം ഉരുളക്കിഴങ്ങ് പഴകുമ്ബോള്‍ ഈര്‍പ്പം പുറത്ത് വരുകയും ഉള്ളിയില്‍ പൂപ്പല്‍ ഉണ്ടാവുകയും ചെയ്യും
• സൂക്ഷിച്ചുവച്ചിരിക്കുന്ന സവാളയില്‍ നിന്ന് കേടായവ മാറ്റുക.
• സവാള എടുത്തുവെക്കുന്നതിന് മുന്‍പ് കഴുകുന്നത് ഒഴിവാക്കുക.
