വീണ്ടും മുട്ടുമടക്കി; സയ്യിദ് മുഷ് താഖ് അലി ട്രോഫിയിലും വിദര്‍ഭയോട് തോറ്റ് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയോട് തോറ്റ് കേരളം. ആറ് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യത്തിലെത്തി.വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. ഇവരെ കൂടാതെ 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. നാല് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സഞ്ജു സാംസണ്‍ നേടിയത്. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ 36 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ധ്രൂവ് ഷോറെ 16 പന്തില്‍ 22 റണ്‍സടിച്ചു. ശിവം ദേശ്മുഖും(18 പന്തില്‍ 29) വരുണ്‍ ബിഷ്ടും(20 പന്തില്‍ 22) എന്നിവരും തിളങ്ങി.
നാലു കളികളില്‍ കേരളത്തിന്‍റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഒഡിഷയെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ റെയില്‍വേയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ ഛത്തീസ്ഗഡിനെ തോല്‍പിച്ച് വീണ്ടും വിജയവഴിയിലെത്തിയെങ്കിലും ഇന്നത്തെ തോല്‍വി കേരളത്തിന് തിരിച്ചടിയാകും.

അടുത്ത മത്സരത്തില്‍ കരുത്തരായ മുംബൈ ആണ് കേരളത്തിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ഫൈനലില്‍ വിദർഭയോടാണ് കേരളം തോറ്റിരുന്നത്.
