അമ്ബലക്കള്ളന്മാര്‍ കടക്ക് പുറത്ത്’;ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാൻ കോണ്‍ഗ്രസ്; FB കവര്‍ഫോട്ടോ മാറ്റി നേതാക്കള്‍

തിരുവനന്തരപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്.’അമ്ബലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു.
ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ഫോട്ടോ മാറ്റിയാണ് ക്യാംപെയ്‌ന് തുടക്കമിട്ടിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ ക്യാംപെയ്‌ന്റെ ഭാഗമായി.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധമാറരുതെന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്ന്‍ എന്നാണ് വിവരം. ഫേസ്ബുക്ക് അക്കൗണ്ടിലെ കവര്‍ഫോട്ടോ മാറ്റാന്‍ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പുറത്തുവന്നതോടെ സംഭവം വാര്‍ത്തയാകുകയായിരുന്നു. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. രാഹുല്‍ വിഷയത്തില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു എന്നാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ വിശദീകരണം.

