യുദ്ധം വേണമെങ്കില്‍ യുദ്ധം; മുന്നറിയിപ്പുമായി പുടിന്‍

യൂറോപ്യന്‍ ശക്തികള്‍ യുദ്ധത്തിന്റെ പക്ഷത്തെന്ന് വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. എന്നാല്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് യുദ്ധമാണ് വേണ്ടതെങ്കില്‍ യുദ്ധം ചെയ്യാന്‍ റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാല്‍ പിന്നെ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തടസം നില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് അംഗീകരിക്കാനാവാത്തതാണ്. യൂറോപ്പ് മുന്നോട്ട് വെച്ച സമാധാന നിര്‍ദേശങ്ങള്‍ റഷ്യക്ക് സ്വീകാര്യമല്ല. സമാധാനം ഇനിയും അകലെയാണെന്ന് സെലന്‍സ്‌കിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പുടിന്‍ പറഞ്ഞു.
യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നെര്‍ എന്നിവരുമായി പുടിന്‍ നടത്തിയ ചര്‍ച്ച അഞ്ച് മണിക്കൂറോളം നീണ്ടു. യുക്രൈന്റെ ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് യോഗത്തില്‍ ധാരണയായില്ല. അമേരിക്കയുടെ ചില നിര്‍ദേശങ്ങള്‍ സ്വീകാര്യമെന്ന് റഷ്യ വ്യക്തമാക്കി. ചിലത് അംഗീകരിക്കാനാവില്ലെന്നും റഷ്യന്‍ വക്താവ് യൂറി യൂഷക്കോവ് പ്രതികരിച്ചു. ഇനിയും ഏറെ കാര്യങ്ങളില്‍ ധാരണയിലെത്താനുണ്ട്. പുടിന്‍ – ട്രംപ് കൂടിക്കാഴ്ച ഉടന്‍ നടക്കില്ലെന്നും റഷ്യന്‍ വക്താവ് അറിയിച്ചു.

